വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരം ഇന്ന് പുറത്തുവിടും; വിവരം അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്തവരുടെ വിവരം അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായത് എല്ലാം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.’വാക്‌സിനെടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തുവിടും. വാക്‌സിനെടുക്കാത്ത അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വാക്‌സിനെടുക്കാന്‍ കഴിയാത്തവര്‍ ആഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും’ മന്ത്രി പറഞ്ഞു.
നേരത്തെ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വാക്സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.വാക്സിനേഷന്‍ എടുക്കാത്ത അധ്യാപകരും അനാധ്യാപകരും ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കും. വാക്സിന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ അതിന്റെ തെളിവ് ഹാജരാക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രവര്‍ത്തന സമയം ഡിസംബര്‍ രണ്ടാം വാരം വൈകുന്നേരം വരെയാക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്.

© 2023 Live Kerala News. All Rights Reserved.