സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു; മരണം വ്യോമസേന സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കുന്നൂരിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (68) അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്.ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാള്‍. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.ബ്രിഗേഡിയർ എൽ.എസ്.ലിഡർ, ലെഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്, നായിക്മാരായ ഗുരുസേവക് സിംഗ്, ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഊട്ടി കുന്നൂരിനു സമീപമാണ് ബുധനാഴ്ച ഉച്ചയോടെ സൈനിക ഹെലികോപ്ക്ടർ തകർന്ന് വീണത്.വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥാമിക നി​ഗമനം.

© 2024 Live Kerala News. All Rights Reserved.