തൃശൂര്‍: തമിഴ്‌നാട്ടിലെ കാനൂരിനടുത്ത് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന ദുരന്തത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനൊപ്പം മരിച്ച 13 പേരില്‍ മലയാളി സൈനികനും. തൃശൂര്‍ മരത്താക്കര സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപാണ് മരിച്ചത്. അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂര്‍ സ്വദേശിയാണ്.2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങിയ അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കും ആയി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു.