ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുളള അന്വേഷണം പൂര്‍ത്തിയായി.അപകടം നടന്നത് മോശം കാലാവസ്ഥ കാരണമായിരിക്കും എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഉടന്‍ കൈമാറും. കുനൂരിലെ കാട്ടേരി ഫാമിനു സമീപം കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13പേര്‍ കൊല്ലപ്പെടുന്നത്.തമിഴ്‌നാട്ടില്‍ ഊട്ടിയ്ക്ക് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പത്‌നി മധുലിക റാവത്തും 11 മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങും പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.