ന്യൂഡല്‍ഹി:സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് സംയുക്ത സേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. അപകടം നടന്ന നീലഗിരി ജില്ലയിലെ വെല്ലിങ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്നും 11.48ന് സൂലൂരില്‍ നിന്ന് പുറപ്പെട്ട കോപ്റ്റര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നെന്നും പ്രതിരോധമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച 13 പേര്‍ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിച്ചു. ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍ രണ്ട് മിനിട്ട് മൗനം ആചരിച്ചു.അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. ജനറല്‍ റാവത്ത് അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനെ അനുസ്മരിച്ചു. അപകടത്തില്‍ മരിച്ച എല്ലാവര്‍ക്കും സ്പീക്കര്‍ ആദരം അര്‍പ്പിച്ചു.