ഊട്ടി: തമിഴ്‌നാട്ടില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ക്ടര്‍ അപകടത്തിപ്പെട്ടപ്പോള്‍ വലിയ ശബ്ദവും തീയും ഉയരുന്നത് കണ്ടെന്ന് സമീപവാസി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്ററില്‍ നിന്ന് ഒന്നിലധികം മൃതദേഹങ്ങള്‍ താഴേക്ക് വീഴുന്നതും കണ്ടെന്നും അദ്ദേഹം പറഞ്ഞു.ആദ്യഘട്ടത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വെള്ളം ഉപയോഗിച്ച് തീ കൊടുത്താന്‍ ശ്രമിക്കുകയും കിട്ടിയ പുതപ്പുകള്‍ ഉപയോഗിച്ച് ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പലരുടെയും മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞു. 12 പേര്‍ അപ്പോള്‍ തന്നെ മരിച്ചെന്നുമാണ് പരിസരവാസികള്‍ പറയുന്നത്.ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥാമിക നിഗമനം.