ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വസതിയിലെത്തി. വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്.അപകടത്തെക്കുറിച്ച് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.അപകടത്തില്‍ 13 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.അതേസമയം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി സംഭവ സ്ഥലത്തേക്ക് തിരിച്ചു. പ്രതിരോധ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യോമസേന മേധാവി സ്ഥലത്തേക്ക് തിരിച്ചത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥാമിക നിഗമനം. വെല്ലിങ്ടണ്‍ സ്റ്റാഫ് കോളജിലെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു യാത്ര.