ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും വോഡാഫോണും അശ്ലീല സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഒരു ലക്ഷം പോണ്‍ സൈറ്റുകള്‍ക്ക് ഗൂഗിളും നിരോധനമേര്‍പ്പെടുത്തുന്നു..

ന്യൂഡല്‍ഹി: രാജ്യത്ത് അശ്ലീല സൈറ്റുകള്‍ക്ക് ശനിയാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തിയതിനു സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. ശനിയാഴ്ച മുതല്‍ ഈ ഗണത്തില്‍ പെടുന്ന പ്രധാന സൈറ്റുകളൊന്നും മിക്ക ഇന്റര്‍നെറ്റ് സേവനദാതാക്കളും ലഭ്യമാക്കുന്നില്ല. ബിഎസ്എന്‍എല്‍, വൊഡാഫോണ്‍, എംടിഎന്‍എല്‍ തുടങ്ങിയ സേവനദാതാക്കളാണ് അശ്ലീല സൈറ്റുകള്‍ നല്‍കാതായിരിക്കുന്നത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോണ്‍ തുടങ്ങിയ ദാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുമില്ല. ഈ അപ്രഖ്യാപിത നിരോധനത്തിനെതിരെ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കടുത്ത പ്രതിഷേധമാണുയരുന്നത്. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീല സൈറ്റുകളെന്ന് വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. അതിനിടെയാണ് മുന്നറിയിപ്പൊന്നും കൂടാതെ ഇത്തരത്തിലൊരു നിരോധനം. കോടിക്കണക്കിനു വരുന്ന അശ്ലീല സൈറ്റുകള്‍ നിരോധിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ലെന്നായിരുന്നു വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.