പ്രതിദിനം 2 ജിബി ഡാറ്റ, സൗജന്യ വിളിയും; ജിയോയെ വെല്ലാന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

കൊച്ചി: ജിയോയെ വെല്ലാന്‍ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തി. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റയും 25 മിനിട്ട് സൗജന്യ സംസാരവും നല്‍കുന്ന ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 339 രൂപയുടെ ഓഫര്‍ കമ്പനി പരിഷ്‌കരിച്ചു. ഇനി മുതല്‍ 339 രൂപക്ക് 3 ജി ഡാറ്റയില്‍ പ്രതിദിനം 2ജി.ബി ഉപയോഗിക്കാം. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ കോളും ലഭിക്കും. 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും. ഇതോടെ ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301 രൂപയ്ക്കു ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണു ബിഎസ്എന്‍എല്‍.നിലവില്‍ വിപണിയില്‍ ഹിറ്റായിരുന്ന 339 രൂപയുടെ പ്ലാന്‍ നവീകരിച്ചാണു ബിഎസ്എന്‍എല്‍ ഇറക്കിയിരിക്കുന്നത്. 339 രൂപയ്ക്കു നേരത്തെ ഇന്ത്യയില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. ഇതു പരിഷ്‌കരിച്ചു ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം അനുവദിച്ചു. എന്നാല്‍ ഇതോടൊപ്പമുള്ള പരിധിയില്ലാത്ത സൗജന്യ വിളി ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു മാത്രമായി ഒതുക്കി. മറ്റു നെറ്റ്്വര്‍ക്കുകളിലേക്കു 25 മിനിറ്റാണു പുതിയ പ്ലാന്‍ അനുസരിച്ചു സൗജന്യ വിളി ലഭിക്കുക. ഡേറ്റ ഉപയോഗിക്കുന്നവര്‍ക്കു ഏറ്റവും മികച്ച ഓഫര്‍ അനുവദിക്കാനാണ് ഇതിലൂടെ ബിഎസ്എന്‍എല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.ഇപ്പോള്‍ അണ്‍ലിമിറ്റഡ് എന്ന പേരില്‍ ഡേറ്റ ഓഫര്‍ നല്‍കുന്ന എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളും ദിവസം ഒരു ജിബി ഡേറ്റയാണു സൗജന്യമായി നല്‍കുന്നത്. ഈ സ്ഥാനത്താണു ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.