വൊഡാഫോണ്‍ 14,000 കോടിയുടെ നികുതി വെട്ടിപ്പ്; കമ്പനിയുടെ സ്വത്തുകള്‍ കണ്ടു കെട്ടാന്‍ ആദായ നികുതി വകുപ്പ് നീക്കം തുടങ്ങി

ന്യൂഡല്‍ഹി: ടെലികോം കമ്പനിയായ വൊഡാഫോണ്‍ 14,000 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. നികുതി അടക്കാന്‍ തയാറായില്ലെങ്കില്‍ വൊഡാഫോണിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ആദായ നികുതി വകുപ്പ് നീക്കം തുടങ്ങി.

വൊഡാഫോണ്‍ കടന്നുവന്ന 2007 ല്‍ നടന്ന വെട്ടിപ്പിലാണ് ഇപ്പോള്‍ നടപടി. ഇതുസംബന്ധിച്ച തര്‍ക്കം നിലവില്‍ രാജ്യാന്തര മധ്യസ്ഥതയില്‍ തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് വൊഡാഫോണ്‍ അധികൃതര്‍ പറഞ്ഞു. ഇതിനിടയിലാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. രാജ്യത്ത് നിക്ഷേപ, വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം തങ്ങള്‍ക്ക് തിരിച്ചടിയായെന്നും വൊഡാഫോണ്‍ അധികൃതര്‍ അറിച്ചു. ഹച്ചിസണ്‍ എസ്സാര്‍ കമ്പനിയെ ഏറ്റെടുത്തു കൊണ്ടാണ് വൊഡാഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ ആസ്തികള്‍ സ്വന്തമാക്കുമ്പോള്‍ സര്‍ക്കാരിലേക്ക് നികുതിയടക്കണം എന്ന നിയമം വൊഡാഫോണ്‍ ലംഘിച്ചു. ഇതിന്റെ പേരിലാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് കെയ്മാന്‍ ദ്വീപില്‍ വച്ചാണ് കമ്പനി ഏറ്റെടുക്കല്‍ നടന്നതെന്നും അതുകൊണ്ട് തന്നെ ഈ ഇടപാടിന് ഇന്ത്യയില്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്നുമാണ് കമ്പനി അധികൃതരുടെ വാദം. 2012 ല്‍ ഇതുസംബന്ധിച്ച നിയമം ഇന്ത്യ ഭേദഗതി ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.