കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലര്‍ട്ടായിരിക്കും. ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറക്കും. ചെറുതോണി അണക്കെട്ടിന്‍റെ മധ്യ ഭാഗത്തുള്ള ഷട്ടറാണ് തുറക്കുക. ഒരു ഷട്ടറിലൂടെ സെക്കന്‍റിൽ 50 ഘനമീറ്റർ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. മഴ കൂടുതൽ ശക്തമാകുന്നതിന് മുൻപേ അണകെട്ടുകളിലെ വെള്ളം കുറച്ച് കൊണ്ടുവരാനുള്ള നടപടിയുടെ ഭാഗമായാണ് അണക്കെട്ടുകൾ തുറന്ന് വിടുന്നത്.