ഇടുക്കി ഡാമിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു; 2398 അടിയിലെത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും: ആശങ്ക വേണ്ടന്ന് മന്ത്രി എം എം മണി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു. വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍, കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കില്ല.

അതേസമയം, ജലനിരപ്പ് 2398 അടി എത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തും. ഇടുക്കി കലക്ടറേറ്റില്‍ മന്ത്രി എം എം മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.

മഴ കുറഞ്ഞതിനാല്‍ ഈ അളവിലേക്ക് ജലനിരപ്പെത്താന്‍ ഏതാനും നാളുകള്‍ വേണ്ടി വരും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

ജാഗ്രതാസമിതിയും കലക്ടറും ചേര്‍ന്ന് എല്ലാ നടപടികളും പൂര്‍ത്തിയാക്കി പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനമെന്ന് യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. കാലവര്‍ഷം തുടരുകയാണ്. തുലാവര്‍ഷവും വരാനുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ട്രയല്‍റണ്‍ നടത്താന്‍ തീരുമാനമെടുത്തത്.

ശക്തമായ നീരൊഴുക്കുണ്ടായാല്‍ അന്നത്തെ സാഹചര്യം അനുസരിച്ച്‌ അണക്കെട്ട‌് തുറക്കേണ്ടി വന്നേക്കാം. അതിനു മുമ്ബ‌് ട്രയല്‍ റണ്‍ നടത്തിയാല്‍ അണക്കെട്ട‌് തുറക്കുമ്ബോള്‍ നേരിട്ടേക്കാവുന്ന നാശനഷ്ടം സംബന്ധിച്ച്‌ ഏകദേശധാരണ ലഭിക്കും. ട്രയല്‍ റണ്‍ നടത്തുന്നതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സംഭരണശേഷിയുടെ 91.83 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും താഴുകയാണ്. 135 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വ്യാഴാഴ്ചത്തെ ജലനിരപ്പ്.

© 2024 Live Kerala News. All Rights Reserved.