പാകിസ്ഥാനിൽ ഇന്ന് തെരഞ്ഞെടുപ്പ്; അതീവ സുരക്ഷ; ആദ്യ ഫലങ്ങള്‍ ഇന്ന് രാത്രിയോടെ

പാകിസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ എട്ട് മണിമുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാത്രി എട്ട് മണിയോടെ ആദ്യഫലങ്ങൾ അറിയാനാവും. പാകിസ്ഥാനില്‍ ഇത് രണ്ടാം തവണയാണ് ഒരു പട്ടാള അട്ടിമറിയില്ലാതെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കനത്ത സുരക്ഷാ ഭീഷണിയിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളില്‍ ഇതുവരെ 147 പേരാണ് കൊല്ലപ്പെട്ടത്.

പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. 70 സീറ്റുകൾ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. രജിസ്റ്റർ ചെയ്ത 110 പാർട്ടികളില്‍ സജീവമായുള്ളത് 30 എണ്ണമാണ്. 85,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

141 സീറ്റുള്ള പഞ്ചാബാണ് നിർണായക സംസ്ഥാനം. നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽ ഇത്തവണ പലരും കൂറുമാറി ഇമ്രാൻ ഖാന്റെ തെഹ്‍രീഖെ ഇന്‍സാഫിൽ ചേർന്നത് ഷെരീഫിന് തിരിച്ചടിയാണ്. സിന്ധ് പ്രവിശ്യയിൽ ബിലാവൽ ഭൂട്ടോയുടെ പി.പി.പിക്കാണ് മുൻതൂക്കം. പക്ഷേ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന കറാച്ചിയിൽ സൈനിക നടപടി നേരിട്ട എം.ക്യു.എമ്മിന് ശക്തി ക്ഷയിച്ചിരിക്കയാണ്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിൽ എം.എം.എ സഖ്യത്തിനാണ് മുൻതൂക്കം. ബലൂചിസ്ഥാനിൽ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയാണ് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ തെഹരീകെ ഇൻസാഫിനും അവാമി പാർട്ടിക്കും സൈന്യത്തിന്റെ പിന്തുണയുണ്ട്.

മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അഴിമതിക്കേസില്‍ പത്തുവര്‍ഷം ജയില്‍ശിക്ഷയനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുന്നത്. പാനമ പേപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അയോഗ്യനായ നവാസ് ശരീഫ് ഇക്കുറി തന്റെ സഹോദരന്‍ ശഹ്‍ബാസ് ശരീഫിനെ നേതൃത്വത്തിലെത്തിച്ചാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയത്. നവാസ് ശരീഫ് ജയിലിലായതോടെ നേരത്തെ പ്രചാരണത്തില്‍ മുന്നിലായിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ ഏറെ തിരിച്ചടി നേരിടുന്നുണ്ട്. പല സ്ഥാനാര്‍ത്ഥികളും കൂറുമാറി ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയില്‍ ചേരുകയോ സ്വതന്ത്രരായി മല്‍സരിക്കുകയോ ചെയ്യുന്നുണ്ട്.

മുന്‍ ക്രിക്കറ്റ്താരം ഇംറാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തഹ്‌രീകെ ഇന്‍സാഫ് അഴിമതിവിരുദ്ധതയാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യമായുയര്‍ത്തുന്നത്. നേരത്തെ ഇംറാന്‍റെ സഖ്യകക്ഷിയായിരുന്ന പാര്‍ട്ടികളുടെ മുന്നണി മുത്തഹിദ മജ്‌ലിസെ അമല്‍ ഇക്കുറി സഖ്യമില്ലാതെ മല്‍സരിക്കുന്നു. തീവ്രവാദഗ്രൂപ്പുകളായ ലഷ്കറെ ത്വയ്യിബ, ലഷ്കറെ ജംഗ്‌വി എന്നിവയുടെ സ്ഥാനാര്‍ത്ഥികള്‍ താല്‍കാലിക പാര്‍ട്ടികളുണ്ടാക്കി മല്‍സരിക്കുന്നത് മുത്തഹിദ മജ്‌ലിസെ അമലിന്‍റെ ശക്തികേന്ദ്രമായ ഖൈബര്‍ പഷ്തൂന്‍ഖ്വാ പ്രവിശ്യയില്‍ അവര്‍ക്ക് തിരിച്ചടിയായേക്കും.

പഞ്ചാബ് പ്രവിശ്യയില്‍ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി നേട്ടം കൊയ്യുമെന്നാണ് സൂചന. ബലൂചിസ്താനില്‍ പുതുതായി രൂപീകരിച്ച ബലൂചിസ്താന്‍ അവാമി പാര്‍ട്ടി നേട്ടമുണ്ടാക്കും. താന്‍ ജയിലിലായത് സൈന്യത്തിന്‍റെ ഇടപെടലാണെന്നാണ് നവാസ് ശരീഫിന്‍റെ ആരോപണം. രണ്ട് തവണ തെരഞ്ഞെടുപ്പു റാലികളില്‍ ഭീകരാക്രമണങ്ങള്‍ നടന്നതും തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കില്ലെന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ ആരോപണവും പാക് രാഷ്ട്രീയത്തെ നിലവില്‍ തന്നെ കലുഷിതമാക്കിയിട്ടുണ്ട്.