അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിന് പൊലീസ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന്‍ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (രണ്ട്) ഹാജരാക്കുന്നത്.

ഇവരെ വ്യാഴാഴ്ച രാവിലെ 11.30 വരെ ചോദ്യം ചെയ്യാനാണ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഈ സമയപരിധി കഴിയുന്ന സാഹചര്യത്തിലാണ് ഇവരെ ഹാജരാക്കുന്നത്. കേസില്‍ ഇതുവരെ ഏഴ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.

കഴിഞ്ഞ രണ്ടിന് രാത്രി 12.30 ഓടെയാണ് രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളിലെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

© 2024 Live Kerala News. All Rights Reserved.