അഭിമന്യു വധം; കൊലയാളികള്‍ രാജ്യം വിട്ടെന്ന് സൂചന, ഇന്റര്‍പോളിന്റെ സഹായം തേടും

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താന്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്കു കടന്നുവെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യാന്തര പൊലീസ് സംഘടനയുടെ സഹായം തേടുന്നത്.

കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍ഐഎയ്ക്കു കൈമാറാനും സാധ്യതയുണ്ട്.

കൊച്ചിയില്‍നിന്നു റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെനിന്നു വിദേശത്തേക്കു കടന്നതായാണു പ്രാഥമിക നിഗമനം. പ്രതികള്‍ക്കു വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നു.

കൊലയാളി സംഘത്തിനു നേതൃത്വം നല്‍കിയതു നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന മൊഴികളും പൊലീസിനു ലഭിച്ചു.

ഇവരില്‍ രണ്ടു പേര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരാണ്. വിചാരണയില്‍ എന്‍ഐഎ കോടതി ഇവരെ വിട്ടയച്ചതിനു ശേഷവും ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കൊലപാതകത്തിനു പിന്നില്‍ ദീര്‍ഘകാലത്തെ ഗൂഢാലോചന നടന്നതിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചുകഴിഞ്ഞു.

മാത്രമല്ല, പ്രതികള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടിരുന്നുവെന്നും സൂചനയുണ്ട്.