മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു; സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കാമ്പസ് ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ എസ്.എഫ്.ഐ ജില്ലാ നേതാവിനെ കുത്തിക്കൊന്നു.

എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗം കൂടിയായ അഭിമന്യുവിനെയാണ് ഒരു സംഘം കുത്തിക്കൊന്നത്. രാത്രി 12 മണിയോടെയാണ് കുത്തേറ്റത്

മഹാരാജാസിലെ രണ്ടാം വർഷ ഫിലോസഫി ബിരുദ വിദ്യാർത്ഥിയാണ് അഭിമന്യു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ആണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു.

മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിമന്യുവിന് ഒപ്പം കുത്തേറ്റ കോട്ടയം സ്വദേശി അര്‍ജുനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാമ്പസില്‍ തിങ്കളാഴ്ച നടക്കാനിരുന്ന പ്രവേശനോത്സവത്തോട് അനുബന്ധിച്ചുള്ള എസ്.എഫ്.ഐ യുടെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘത്തിനു നേരെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. അവരുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവമറിഞ്ഞ് എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് കേന്ദ്രീകരിച്ചത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. തിങ്കളാഴ്ചത്തെ പ്രവേശനോത്സവം മാറ്റി വച്ചിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധം നടത്താന്‍ എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.