പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേറാക്രമണം; 13പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു, 54 പേര്‍ക്ക് പരുക്ക്.

പെഷവാറിലെ യാക്തൂത് മേഖലയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ(എന്‍പി) തെരഞ്ഞെടുപ്പ് റാലിക്ക് നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. ഹാരൂണ്‍ ബിലോര്‍ എന്ന എന്‍പി സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

എന്‍പി റാലി പുരോഗമിക്കവെ ശരീരത്തില്‍ ബോംബുകള്‍ ഘടിപ്പിച്ചെത്തിയ ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് സൈനിക വാക്താവ് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു സ്ഫോടനം നടന്നത്.

അതേസമയം, പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.