ബെൽജിയത്തെ തകർത്ത് ഫ്രാൻസ്; ഫൈനലിലെത്തുന്നത് 12 വർഷങ്ങൾക്ക് ശേഷം

ആദ്യ സെമിഫൈനലിൽ ബെൽജിയത്തെ ഒരു ഗോളിന്​ തകർത്ത്​ ഫ്രാൻസ്​ ലോകകപ്പ്​ ഫുട്​ബാൾ ഫൈനലിൽ. 51ാം മിനുട്ടിൽ ഉംറ്റിറ്റിയുടെ ഏക ഗോളി​​​​​ന്റെ കരുത്തിലാണ്​ ഫ്രാൻസ്​ ഫൈനലിലേക്ക്​ മുന്നേറിയത്​. ബെൽജിയം പന്തടക്കത്തിലും ആക്രമണങ്ങൾ നടത്തുന്നതിലും മികച്ച്​ നിന്നുവെങ്കിലും ഗോൾ നേടാതെ പോയി. രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ട് ക്രോയേഷ്യയെ നേരിടും. പന്ത്രണ്ട് കൊല്ലത്തിന് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത്.

ബെല്‍ജിയത്തിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു. ബെല്‍ജിയത്തിന്റെ വേഗതയേറിയ ഗെയിമിന് മുന്നില്‍ ഫ്രാന്‍സിന് ഉത്തരമുണ്ടായിരുന്നില്ല. വിന്‍സെന്റ് കൊമ്പനിയും വെര്‍ട്ടോഘനും വേഗക്കാരന്‍ എംബാപ്പയ്ക്ക് അവസരമൊന്നും കൊടുക്കാതിരുന്നതോടെ ഫ്രാന്‍സ് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി.

പക്ഷേ, ലോകകപ്പില്‍ ഇതുവരെ ഫ്രാന്‍സ് പ്രദര്‍ശിപ്പിച്ച സെറ്റ്പീസ് വൈദഗ്ധ്യം പ്രകടമായ ഗോളില്‍ ബല്‍ജിയത്തിനു ചുവടുതെറ്റി. . ഉംറ്റിറ്റിയെ മാര്‍ക്ക് ചെയ്ത മൗറോന്‍ ഫെല്ലിനിയുടെ പിഴവില്‍നിന്നു കൂടിയായിരുന്നു ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെറ്റ്പീസില്‍നിന്നു ഗോള്‍ നേടിയശേഷം ഫ്രാന്‍സ് പിന്നീട് ആക്രമണത്തിനു മുതിര്‍ന്നില്ല. സ്വന്തം വലയില്‍ ഗോള്‍ വീഴും വരെ ബല്‍ജിയത്തിന്റെ കാലുകളിലായിരുന്നു കളി.

1998ല്‍ ലോകജേതാക്കളായ ഫ്രാന്‍സ് 2006 നുശേഷം ആദ്യമായാണു ഫൈനലിലെത്തുന്നത്. 15ന് രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍, ഇന്നത്തെ ഇംഗ്ലണ്ട് – ക്രൊയേഷ്യ മല്‍സര വിജയികളെ ഫ്രാന്‍സ് നേരിടും.