റഷ്യൻ മണ്ണിൽ ഫ്രഞ്ച് വിപ്ലവം; ഫിഫ ലോകകപ്പ് കിരീടം ഫ്രാൻസിന്

മോസ്‌കോ : മോസ്കൊയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ ആവേശം ജ്വലിക്കുന്ന പോരാട്ടത്തിനൊടുവിൽ ഫുട്ബോൾ ചക്രവർത്തിയായി ഫ്രാൻസ് .ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം ഫ്രാൻസിന് സ്വന്തം .ക്രൊയേഷ്യയെ 4 -2 നു തോൽപിച്ചാണ് ഫ്രാൻസ്‌ ചരിത്രത്തിലെ രണ്ടാമത്തെ ലോകക്കപ്പ് കിരീടം നേടിയത്

ആദ്യ പകുതി കഴിയുമ്പോൾ ഫ്രാൻസ് 2 -1 ക്രൊയേഷ്യ എന്ന നിലയിലായിരുന്നു. ലോകക്കപ്പ് ഫൈനലിലെ ആദ്യത്തെ സെല്ഫ് ഗോൾ ക്രൊയേഷ്യൻ താരം മാൻജൂകിക്കിൽ നിന്നും ഉണ്ടായി. ഒപ്പം ആന്റോയിൻ ഗ്രീസ് മാന്റെ പെനാൽറ്റിയും ഫ്രാൻസിനെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചു .
ഫ്രാൻസിന്റെ നാലാമത്തെ ഗോൾ എംബാപ്പയിൽ നിന്ന് പിറന്നപ്പോൾ പെലെയ്ക്ക് ശേഷം ഫൈനലിൽ ഗോൾ അടിക്കുന്ന ടീനേജുകാരൻ എന്ന അവകാശവും എംബാപ്പ സ്വന്തമാക്കുകയായിരുന്നു. എംബാപ്പയുടെ ഗോളിന് മറുപടിയായി നിമിഷങ്ങൾക്കുള്ളിൽ തന്നെ ക്രൊയേഷ്യൻ താരം മാരിയോ മാൻജൂക്ക് തിരിച്ചടിച്ചു.അപ്പോൾ അറുപത്തിയൊമ്പതാം മിനുട്ടിൽ ഫ്രാൻസ് 4-2 ക്രൊയേഷ്യ.

1958 ലോകകപ്പിനുശേഷം മുഴുവൻ സമയത്ത് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയിൽ മൂന്നു ഗോൾ പിറക്കുന്നത് ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകൾ പിറക്കുന്നതും ആദ്യം. മൽസരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവർന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം. ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീൽ), ഫ്രാൻസ് ബെക്കൻബോവർ (ജർമനി) എന്നിവർക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാമിനും സ്വന്തം.

1998ല്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്‌ രണ്ടാം കിരീടം ലക്ഷ്യം വച്ചായിരുന്നു റഷ്യൻ മണ്ണിൽ കാലുകുത്തിയത് ആദ്യ ലോകക്കപ്പ് കിരീടം സ്വന്തമാക്കണമെന്ന ആവേശത്തോടെയായിരുന്നു 98ലെ ലോകകപ്പിൽ മൂന്നാംസ്ഥാനം നേടിയ ക്രൊയേഷ്യയുടെ വരവ്. മരണം വരെ പൊരുതുന്ന ക്രൊയേഷ്യയുടെ പോരാട്ട വീര്യം ഇക്കുറി ലോകകപ്പ് മോഹവുമായി എത്തിയ എല്ലാ വമ്പന്മാരെയും അമ്പരിപ്പിച്ചിരുന്നു.

ഫ്രാന്‍സ്‌ സെമിയില്‍ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരുഗോളിന്‌ വീഴ്‌ത്തിയാണ്‌ കലാശപ്പോരിന്‌ യോഗ്യത നേടിയത്‌. ഓരോ കളികൾ കഴിയുംതോറും പ്രതീക്ഷിച്ചതിനും അപ്പുറം നില്‍ക്കുന്ന പ്രകടനവുമായാണ്‌ അവര്‍ ഫൈനലില്‍ ഇടംപിടിച്ചത്‌. 2006 ലെ ലോകകപ്പ്‌ ഫൈനലിലെയും 2016ലെ യൂറോ കപ്പ്‌ ഫൈനലിലെയും തോല്‍വിക്ക്‌ പ്രായശ്‌ചിത്തം ചെയ്യാൻ കൂടി സജ്ജമായിത്തന്നെയാണ് ഇക്കുറി ഫ്രാൻസിന്റെ ചുണക്കുട്ടികൾ കളിക്കളത്തിലേക്ക് ഇറങ്ങിയതും.

തോൽവി അറിയാതെയാണ് ഇരു ടീമുകളും കലാശ പോരാട്ടത്തിന് ഇറങ്ങിയത്. സെമിഫൈനലിന് ഇറക്കിയ അതേ ഇലവനുമായി തന്നെയാണ് ഫ്രാന്‍സും ക്രൊയേഷ്യയും മത്സരിച്ചത് .

© 2024 Live Kerala News. All Rights Reserved.