കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ

മോസ്‌കോ: കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിൽ. ഷൂട്ടൗട്ടിൽ മൂന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയ കൊളംബിയ കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. എക്സ്ട്രാടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്‌. സ്വീഡനാണ് അവസാന എട്ടിലെ അവരുടെ എതിരാളി.

കൊളംബിയക്കുവേണ്ടി ഫാൽക്കാേവോ, ക്വാഡ്രാഡോ, മുറിയാൽ എന്നിവർ ലക്ഷ്യം കണ്ടു. ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോർദൻ പിക്ക്ഫോർഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ൻ, റാഷ്ഫോർഡ്, ട്രിപ്പിയർ, ഡീർ എന്നിവർ ലക്ഷ്യം കണ്ടു. ഹെൻഡേഴ്സന്റെ കിക്ക് കൊളംബിയൻ ഗോളി ഓസ്പിന തടഞ്ഞിട്ടു.ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ കൊളംബിയയെ ഇഞ്ചുറി ടൈമിൽ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് യെറി മിനയാണ്. ഈ ലോകകപ്പില്‍ യെറി മിനയുടെ മൂന്നാം ഗോളാണിത്.