അട്ടിമറി വീരന്മാരായ സെനഗലിന് മുന്നിൽ നിലതെറ്റി പോളണ്ട്

റഷ്യന്‍ ലോകകപ്പില്‍ ഇന്ന് രണ്ടാം അട്ടിമറി. ലോകക്കപ്പ് വരവിൽ തന്നെ വമ്പന്മാരെ അട്ടിമറിച്ച് ചരിത്രമുള്ള സെനഗലാണ് ഇന്നത്തെ രണ്ടാം അട്ടിമറി നടത്തിയത്. പോളണ്ടിനെതിരെയായാണ് സെനഗലിന്റെ തകര്‍പ്പന്‍ അട്ടിമറി ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സെനഗലിന്‍റെ വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ടീമായ ജപ്പാന്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ അട്ടിമറിച്ചിരുന്നു.

നിലവിൽ ഫിഫ റാങ്കിംഗില്‍ പോളണ്ട് എട്ടാമതും സെനഗല്‍ 27-ാം സ്ഥാനക്കാരുമാണ്. 37-ാം മിനുറ്റില്‍ പോളണ്ട് താരം തിയാഗോ സിനേകിന്‍റെ സെല്‍ഫ് ഗോളാണ് സെനഗലിന് ആദ്യ ലീഡ് സമ്മാനിച്ചത്. സെനഗല്‍ താരം ഗുയേയുടെ ഷോട്ടില്‍ കാലുവെച്ച തിയാഗോയ്ക്ക് പിഴയ്ക്കുകയായിരുന്നു. പന്ത് വഴിമാറി വലയിലേക്ക്.

സെനഗലിനായി 66-ാം മിനുറ്റില്‍ നയംഗ് വലകുലുക്കി. പോളിഷ് താരങ്ങളുടെ കാലുകളില്‍ നിന്ന് റാഞ്ചിയ പന്തുമായി കുതിച്ച നയംഗ് പ്രതിരോധം ഭേദിച്ച് പന്ത് ചിപ്പ് ചെയ്ത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. നയംഗിന്‍റെ തന്ത്രവും വേഗവും ഒരേസമയം പ്രതിഫലിച്ച ഗോള്‍. ഇതോടെ കളിയില്‍ സെനഗൽ 2 – 0 ന് മുന്നിൽ.

86-ാം മിനുറ്റില്‍ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം മുതലാക്കി ക്രിച്ചോവികാണ് പോളണ്ടിന്‍റെ ഏക ഗോള്‍ മടക്കിയത്. കരുത്തരായ പോളണ്ട് കളിക്കളത്തിൽ സെനഗലിന്റെ മുന്നിൽ ആക്രമണത്തിലും പ്രതിരോധത്തിലും പിഴച്ചു. ലോകകപ്പ് ചരിത്രത്തിൽ ആദ്യ മത്സരങ്ങൾ തോറ്റുകൊണ്ട് തുടങ്ങുക എന്ന പതിവ് ഇക്കുറിയും പോളണ്ട് തെറ്റിച്ചില്ല.