റഷ്യയിൽ ലോകക്കപ്പ് ഫുട്ബോൾ വിപ്ലവത്തിന് ഇന്ന് കിക്കോഫ്

ലോകത്തെ മുഴുവൻ ഒരു പന്തിലേക്ക് ചുരുക്കുന്ന മാസ്മരിക നാളുകളുടെ ആവേശത്തിലേക്കുള്ള കിക്കോഫ് ഇന്ന്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30 ന് റഷ്യയിൽ ലോകകപ്പ് വിപ്ലവത്തിന് ആളും ആരവവുമുയരും. ടെല്‍സ്റ്റാര്‍ എന്ന പന്തിന്റെ താളം ഹൃദയ താളമാക്കാൻ 736 കളിക്കാർ വോൾഗാ നദിക്കരയിൽ ബൂട്ടണിയുമ്പോൾ നെഞ്ചിൽ പെരുമ്പറ കൊട്ടി ലോകം മുഴുവൻ ആ ആവേശത്തെ വരവേൽക്കും. ഇതാദ്യമായാണ് വിപ്ലവത്തിന്റെ ചൂടും ചൂരും നിറഞ്ഞ റഷ്യയിൽ ലോകക്കപ്പ് ഫുട്ബോൾ വസന്തം വിരിയുന്നത്.

റഷ്യയും സൗദി അറേബിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലുഷ്‌നികി സ്റ്റേഡിയത്തി ലാണ് ഉദ്ഘാടന പൂരം. ജൂലൈ 15ന് ഇവിടെ തന്നെയാണ് അവസാനവെടിക്കെട്ടും നടക്കുക. ഇന്ത്യന്‍ സമയം വൈകുന്നേരം ആറുമുപ്പതിനാണ് ഉദ്ഘാടനച്ചടങ്ങ്. വർണ്ണാഭമായ പരിപാടികളോടെയാകും ഉദ്ഘാടനത്തിന് കൊടിയേറുക.

രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ 12 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരാധകര്‍ക്ക് ഗാലറിക്ക് പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സജ്ജമായിക്കഴിഞ്ഞു.

ആറാം ലോക കിരീടവും കഴിഞ്ഞ ലോകകപ്പിലേറ്റ നാണക്കേടും തീർക്കാനാണ് ബ്രസീൽ ലോകകപ്പിനിറങ്ങുന്നത്. കരഞ്ഞ് കൊണ്ട് പടിക്കൽ കൊണ്ട് പോയി കലമുടച്ചതിന്റെ സങ്കടം തീർക്കാനാണ് മെസ്സിയും കൂട്ടരും എത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിര്‍ത്താനാൻ ജർമ്മനിയും കിരീടം തിരിച്ച് പിടിക്കാൻ സ്പെയിനും എത്തുമ്പോൾ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാന്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പോരാട്ടം നടത്തും.

വിധികളെ മാറ്റിമറിക്കാൻ കഴിവുള്ള ബല്‍ജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകള്‍, വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും, നവാഗതരായ ഐസ് ലൻഡും പാനമയും, ചരിത്ര നിമിഷങ്ങൾ ഏറെയാണ് റഷ്യയിൽ എഴുതാൻ പോകുന്നത്. നമുക്കും ചേരാം ഈ ആവേശ കൊടുങ്കാറ്റിൽ.