ഹര്‍ത്താല്‍; കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് എം. ഗീതാനന്ദന്‍ കസ്റ്റഡിയില്‍

കൊച്ചി: ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് ഗോത്രമഹാ സഭ നേതാവ് എം. ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനെ കൂടാതെ നിരവധി ദളിത് സംഘടനാ പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതുകൊണ്ടാണ് ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടു.

ദളിത് സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്‍വശത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍.