പൊലീസ് കസ്റ്റഡി മരണം: വരാപ്പുഴയിൽ ഇന്ന് ഹർത്താൽ

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വാരപ്പുഴയില്‍ ഹര്‍ത്താല്‍ ആചരിക്കും. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് രാവിലെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും.

കൊച്ചി വരാപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം സ്വദേശി ശ്രീജിത്ത് ആണ് കസ്റ്റഡിയില്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീജിത്ത് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ബൂട്ടിട്ട് അടിവയറ്റില്‍ ശക്തിയായി തൊഴിക്കുകയും ചവിട്ടുകയും ചെയ്തതോടെ മൂത്ര തടസം ഉണ്ടാവുകയും പ്രതി അവശനാകുകയുമായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി തന്റെ അവസ്ഥ കോടതിയില്‍ പറയുകയും തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നിന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് മര്‍ദനത്തില്‍ അവശനായ പ്രതി മരിക്കുകയായിരുന്നു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ പരുക്കാണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.