സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ ; തടവുകാരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നു

മലപ്പുറം: സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ അറസ്റ്റിലായവരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജയിലുകളില്‍ അധികമുള്ള തടവുകാരെയാണ് കണ്ണൂര്‍ ജയിലിലേക്ക് മാറ്റുന്നത്.

ഹര്‍ത്താലിനെത്തുടര്‍ന്ന് ഇരു ജില്ലകളിലേയും ജയിലുകള്‍ തടവുകാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് തടവുകാരെ മാറ്റുന്നത്. ഹര്‍ത്താലിനുശേഷം ഓരോ ജയിലിലും ആദ്യദിവസംതന്നെ ഇരുപതിലേറെ തടവുകാര്‍ എത്തിയതായാണ് കണക്ക്. അറസ്റ്റ് തുടരുന്നതിനാല്‍ തടവുകാരെ ഒരുതരത്തിലും ജയിലുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ബുധനാഴ്ച മുതല്‍ അറസ്റ്റിലായവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയയ്ക്കുന്നത്. സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള വിചാരണത്തടവുകാരെ പാര്‍പ്പിച്ച സബ് ജയിലിലാണുള്ളത്. ജയിലുകളിലെ അധിക തടവുകാരില്‍ കുറച്ചുപേരെ വ്യാഴാഴ്ച കണ്ണൂരിലേക്ക് മാറ്റിയിട്ടുണ്ട്.

പിടിയിലാകുന്നവരെ കണ്ണൂരിലേക്ക് മാറ്റുന്നത് പൊലീസുകാര്‍ക്ക് പ്രയാസമായിട്ടുണ്ട്. ഒരു തടവുകാരനായാലും ജയിലിലേക്കെത്തിക്കാന്‍ രണ്ടു പൊലീസുകാര്‍ പോകണം. ഹര്‍ത്താലിനു പുറമെ മറ്റു കേസുകളില്‍ പിടിയിലാകുന്നവരെയും കണ്ണൂരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വെള്ളിയാഴ്ച അറസ്റ്റിലായവര്‍ വളരെ കുറവാണ്. പിടിയിലായവരെക്കാള്‍ കേസിലുള്‍പ്പെട്ട നിരവധിപേര്‍ പുറത്താണുള്ളത്.