സംസ്ഥാനത്ത് റെയിൽ പാതക്ക് സമാന്തരമായി പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശത്തെക്കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽ പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശത്തെക്കുറിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് സംയുക്ത പഠനം നടത്താൻ റെയിൽവെ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ധാരണയായതായും അദ്ദേഹം വ്യക്തമാക്കി.

നിർദിഷ്ട പദ്ധതി സംബന്ധിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സാധ്യതാ പഠനം നടത്തിയിരുന്നു. സിഗ്നൽ സംവിധാനം ആധുനികവൽക്കരിക്കുന്നതുൾപ്പെടെ പദ്ധതിക്ക് 47769 കോടി രൂപയാണ് ഇതനുസരിച്ച് കണക്കാക്കിയിരുന്നത്. ഇതു സംബന്ധിച്ച് വിശദമായ പഠനം റെയിൽവെയും കെ.ആർ.ഡി. സി. എല്ലും ചേർന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.