ബോംബ് നിര്‍മാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വപരം – വ്യക്തമാക്കി മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ച വീടുകളില്‍ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണെന്നും അതിന്റെ അര്‍ഥം അവര്‍ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല, മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബോംബ് നിര്‍മാണവും മറ്റും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ ബോംബ് നിര്‍മിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിനെതിരെ നിയമപരമായ നടപടി എടുക്കുന്നുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങള്‍ കാണേണ്ടതില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനങ്ങളും നടത്തി.

തിരഞ്ഞെടുപ്പ് പോരാട്ടമാകുമ്പോള്‍ രാജ്യംനേരിടുന്ന പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളുമാണ് സാധാരണ ചര്‍ച്ചചെയ്യുക. എന്നാല്‍, ഇവര്‍ രണ്ട് കൂട്ടരും ഇത്തരംപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാരബുദ്ധിയുമാണ് സംസ്ഥാനത്ത് ഇന്നുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. അത് മറച്ചുവെക്കാനാണ് ഇവര്‍ക്ക് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.