ഇനി പ്രേമിക്കാന്‍ ഞാനില്ല. വില്ലനാകാന്‍ തയ്യാറെടുത്ത് നിവിന്‍ പോളി

ഒരു വടക്കൻ സെൽഫി, പ്രേമം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം നിവിൻ പോളി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്. പ്രണയ ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തിലേറിയ നിവിൻ ഇനി തനിക്ക് വില്ലൻ വേഷങ്ങൾ അവതരിപ്പിക്കണ മെന്നാണ് പറയുന്നത്.

വില്ലൻ വേഷങ്ങൾ അവതരിപ്പിക്ക ണമെന്നാണ് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്ന് നിവിൻ പറഞ്ഞു. ആഷിക് അബു സംവിധാനം ചെയ്ത ‘‌ഡാ തടിയാ’ എന്ന ചിത്രത്തിൽ നിവിൻ നെഗറ്റീവ് ഛായയുള്ള വേഷമാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ അത് നൂറ് ശതമാനം വില്ലൻ വേഷം ആയിരുന്നില്ല. അൽപ്പം ഹീറോയിസം ഉള്ള മുഴുനീള വില്ലൻ വേഷം അവതരിപ്പിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നിവിൻ പറഞ്ഞു.

പ്രേമം സിനിമയുടെ വിജയത്തെപ്പറ്റിയും താരം പ്രതികരിച്ചു. ചിത്രത്തിലെ പല കഥാപാത്രങ്ങളും തന്റെയും സുഹൃത്തുക്കളുടേയും ജീവിതത്തിൽ നിന്നും എടുത്തവയാണെന്ന് നിവിൻ പറഞ്ഞു. പ്രേമത്തിലെ ജോർജിനെ പോലെ താനും കോളേജിലെ അവസാന ‌ബഞ്ച്കാരനായിരുന്നു. എന്നാൽ തന്റെ സഹപാഠിയായിരുന്ന ഭാര്യ ഭയങ്കര പഠിപ്പിസ്റ്റും.  നടനാകണമെന്ന തന്റെ സ്വപ്നത്തിന് പൂർണ പിന്തുണ നൽകുന്നത് ഭാര്യയാണെന്നും നിവിൻ വ്യക്തമാക്കി.

ഇപ്പോൾ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്. ഒരു സബ്-ഇൻസ്പെക്ടറിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാങ്കേതിക വശങ്ങൾ മികച്ചതാക്കി ചിത്രം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിവിൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു  തമിഴ് ചിത്രത്തിലും, പ്രേമം സിനിമയുടെ ടീമിലുള്ള ഒരാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് അതിന് ശേഷം നിവിൻ അഭിനയിക്കുക. ഇതിൽ ഏത് ചിത്രത്തിന്റെ തിരക്കഥയാണോ ആദ്യം പൂർത്തിയാവുക അതിലായിരിക്കും താൻ ആദ്യം അഭിനയിക്കുക എന്നും നിവിൻ കൂട്ടിച്ചേർത്തു.