പിടികൂടിയ ഇറാനിയന്‍ ബോട്ടില്‍ ഉണ്ടായിരുന്നത് രാജ്യാന്തര ലഹരികടത്തുസംഘം

 

കൊച്ചി: ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാന്‍ ബോട്ടില്‍ ഉണ്ടായിരുന്നത് രാജ്യാന്തര ലഹരികടത്തു സംഘമെന്ന് കണ്ടെത്തി. ബോട്ടില്‍ നിന്ന് ലഭിച്ച സാറ്റലൈറ്റ് ഫോണ്‍ ആണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇറാനു പുറമെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ബോട്ടിലുണ്ടായിരുന്നവര്‍ വിളിച്ചതിനുള്ള തെളിവ് ലഭിച്ചു.

കൊച്ചിക്കും വിഴിഞ്ഞത്തിനും മധ്യേ ആലപ്പുഴ കന്യാകുളങ്ങര ഭാഗത്തെ പുറംകടലില്‍ വച്ചാണ് വിദേശ ബോട്ട് പിടിയിലായത്. ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് വിട്ടിരുന്നു. പിടിയിലായ ബോട്ടില്‍ ഏഴ് ഇറാന്‍കാരും പാക്ക് പ്രവശ്യയായ ബലൂചിസ്ഥാനില്‍ താമസിക്കുന്ന അഞ്ചു പേരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ പക്കല്‍ പാക്കിസ്ഥാന്‍ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു.

തീരദേശ സേന ബോട്ട് ആലപ്പുഴയില്‍ പിടികൂടുമ്പോള്‍ അതിലുണ്ടായിരുന്ന എന്തോ ഭാരമുള്ള വസ്തു ഇവര്‍ കടലില്‍ കെട്ടിയിട്ടിരുന്നു. അതു മുറിച്ചുകളഞ്ഞിട്ടാണു ബോട്ട് തീരത്തേക്ക് അടുപ്പിച്ചതെന്നു തീരസേനയിലെ ഒരു ഉദ്യോഗസ്ഥന്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന ഉപഗ്രഹ ഫോണ്‍, ആന്റിന എന്നിവ കോടതി വഴി ഫൊറന്‍സിക് ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.