രഞ്ജിത്ത് വധത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍;രക്തക്കറയുള്ള ബൈക്കും പോലീസ് കണ്ടെത്തി

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ കസ്റ്റഡിയില്‍.എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന.ഇവര്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. ബൈക്കില്‍ രക്തകറയുണ്ട്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം എന്നതിനാല്‍ പ്രതികള്‍ ആരുംതന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് നിഗമനം. കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴയില്‍ നിന്നുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.അതേസമയം ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ നീട്ടിയിരുന്നു. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കളക്ടറേറ്റില്‍ ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.