ശശികല വിഭാഗത്തിന് തൊപ്പി; പനീര്‍ ശെല്‍വത്തിന് ഇലക്ട്രിക് പോസ്റ്റ്

ചെന്നൈ: ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികല, പനീര്‍ശെല്‍വം ക്യാമ്പുകള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു. ശശികല വിഭാഗം തൊപ്പിതെരഞ്ഞെടുപ്പ് ചിഹ്നമായി തെരഞ്ഞെടുത്തു. ഒ. പനീര്‍ ശെല്‍വം വിഭാഗം ഇലക്ട്രിക് പോസ്റ്റാണ് ചിഹ്നമായി തെരഞ്ഞെടുത്തത്. ‘രണ്ടില’ ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വതന്ത്ര ചിഹ്നം തെരഞ്ഞെടുക്കാന്‍ സമയം അനുവദിക്കുകയായിരുന്നു. എ.െഎ.എ.ഡി.എം.കെ എന്ന പേരും ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. അതിനാല്‍ പനീര്‍ ശെല്‍വം വിഭാഗം പാര്‍ട്ടി പേരിനുമുന്നില്‍ ‘അമ്മ’ എന്നു ചേര്‍ത്ത് അമ്മ എ.െഎ.എ.ഡി.എം. കെ എന്നാക്കുകയും ശശികല വിഭാഗം പാര്‍ട്ടി പേരിനു ശേഷം ‘അമ്മ’ ചേര്‍ക്കുകയും ചെയ്തു.ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ‘രണ്ടില’ചിഹ്നവും പാര്‍ട്ടി പേരും മരവിപ്പിച്ചിരിക്കുന്നത്. ഭവിയില്‍ കൂടുതല്‍ വാദം കേട്ട ശേഷം ചിഹ്നം ആര്‍ക്ക് കൊടുക്കണമെന്ന് കമീഷന്‍ അന്തിമ തീരുമാനമെടുക്കും.പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ഥി. പനീര്‍ശെല്‍വം വിഭാഗത്തിെന്റ നേതൃത്വത്തില്‍ ഇ. മധുസൂദനനും മത്സരിക്കുന്നു. ഡി.എം.കെ സ്ഥാനാര്‍ഥിയായി മരുതുഗണേഷും ബി.ജെ.പിക്ക് വേണ്ടി ഗംഗൈഅമരനും മത്സര രംഗത്തുണ്ട്. ജയലളിതയുടെ അഹോദര പുത്രി ദീപ ജയകുമാര്‍ ‘എം.ജി.ആര്‍.അമ്മ ദീപ പേരവൈ’ എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്.

© 2024 Live Kerala News. All Rights Reserved.