ഒരു എംഎല്‍എ കൂടി പനീര്‍സെല്‍വത്തിനൊപ്പം; കൂവത്തൂര്‍ റിസോര്‍ട്ട് വിട്ടത് കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പിആര്‍ അരുണ്‍കുമാര്‍ ;ആശങ്കയില്‍ പളനിസാമി പക്ഷം;വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് അപ്രതീക്ഷിത തിരിച്ചടി. കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് ഒരു എംഎല്‍എ കൂടി പുറത്തുവന്ന് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എയാണ് കൂറുമാറിയത്. പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ താല്‍പര്യമില്ലെന്ന് എംഎല്‍എ അരുണ്‍കുമാര്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഒരുവോട്ട് പളനിസ്വാമി പക്ഷത്തിന് നഷ്ടമായി. അനാരോഗ്യം അലട്ടുന്ന ഡിഎംകെ പ്രസിഡന്റ് എം കരുണാനിധിയും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ല. ഇതോടെ പനീര്‍സെല്‍വത്തിന് 11 എംഎല്‍എമാരുടെ പിന്തുണയായി. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുന്‍പുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് പളനിസാമി പക്ഷത്തെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. എഐഎഡിഎംകെയുടെ ഔദ്യോഗിക അംഗസംഖ്യം 134 ആണ്. പനീര്‍ശെല്‍വം ഉള്‍പ്പടെ 11 പേര്‍ വിമതരായി നില്‍ക്കുന്നുണ്ട്. മുന്‍ ചെന്നെ പൊലീസ് കമ്മിഷണറും മൈലാപ്പൂര്‍ എംഎല്‍എയുമായ എന്‍ നടരാജ് ഇന്നലെ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. 234 അംഗ സഭയില്‍ ജയലളിതയുടെ മരണത്തോടെ ഒരാളുടെ കുറവുണ്ട്. കരുണാനിധിയും അരുണ്‍കുമാറും വിട്ടുനില്‍ക്കുന്നതോടെ രണ്ട് അംഗങ്ങള്‍ കൂടി കുറയും. സ്പീക്കറുടെ വോട്ടൂകടി ഇല്ലാതാകുന്നതോടെ സഭയിലെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ 230 എംഎല്‍എമാരില്‍ 116 പേരുടെ പിന്തുണ മതിയാകും. 121 പേരുടെ പിന്തുണയാണ് പളനിസ്വാമി പക്ഷം അവകാശപ്പെടുന്നത്. . വിശ്വാസവോട്ടെടുപ്പില്‍ ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.