‘ഞാന്‍ സാദാ മോഷ്ടാവല്ല;വെറുമൊരു മോഷ്ടാവിനോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്ന് ശശികല

ചെന്നൈ: ശശികലയുടെ ജയില്‍വാസം രണ്ടാം ദിനം പിന്നിടുമ്പോള്‍ പരപ്പന അഗ്രഹാര ജയിലിലെ കാരാഗൃഹ വാസത്തോട് ശശികലയ്ക്ക് പൊരുത്തപ്പെടാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്.വെറുമൊരു മോഷ്ടാവിനോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്ന് ശശികല ജയില്‍ അധികൃതരോട് പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ സാദാ മോഷ്ടാവല്ല. വെറുമൊരു ക്രിമിനലിനെപ്പോലെ പോലീസ് ജീപ്പില്‍ ഇരിക്കാന്‍ എന്നെക്കിട്ടില്ല. എത് ദൂരത്തേക്ക് വേണമെങ്കിലും ഞാന്‍ നടന്നു വരാന്‍ തയ്യാറാണ്ശശികല ജയില്‍ അധികൃതരോട് പറഞ്ഞു. ശശികലയുടെ സംസാരവും അവരുടെ ശരീരഭാഷയും തികച്ചും അസ്വസ്ഥമായിരുന്നെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇളവരശിക്കൊപ്പം ഒരു സെല്ലിലാണ് ശശികല തടവില്‍ കഴിയുന്നത്. രണ്ട് ദിവസമായി തികഞ്ഞ മൗനത്തിലാണ് ശശികല കഴിയുന്നത്. തമിഴ്‌നാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലു, അവര്‍ അന്വേഷിച്ചിട്ടില്ല. തറയില്‍ കിടക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ക്ക് ഒരു കട്ടില്‍ അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ അവര്‍ ഉറങ്ങിയിരുന്നില്ല. പുലര്‍ച്ചെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശശികല ഉറങ്ങിയത്. വെള്ള സാരിയാണ് ജയിലില്‍ ധരിക്കാന്‍ നല്‍കിയിരിക്കുന്നത്.ബംഗളുരുവിലെയും ചെന്നൈയിലെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആരെയും കാണാന്‍ കൂട്ടാക്കിയിട്ടില്ല. ജയില്‍ സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല.കഴിഞ്ഞ തവണ ജയലളിതയോടൊപ്പം വന്നിരുന്നപ്പോള്‍ കിട്ടിയ സൗകര്യങ്ങള്‍ ഇത്തവണയും ലഭിക്കുമെന്ന് ശശികല പ്രതീക്ഷിച്ചിരുന്നു. അന്ന് ജയലളിത തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു. അവര്‍ക്കു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ‘എ’ ഗ്രേഡ് സൗകര്യങ്ങള്‍ അനുവദിച്ചിരുന്നു. ശശികലയ്ക്കും ആ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിഞ്ഞെന്നു മാത്രം.പക്ഷേ, ഇത്തവണ കാര്യങ്ങള്‍ മാറി. ശശികല മുഖ്യമന്ത്രി അല്ലെന്നും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.