ശശികല ഉടന്‍ കീഴടങ്ങണം; കീഴടങ്ങാന്‍ സാവകാശം ചോദിച്ച് ശശികല സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി;ഇന്ന് വൈകീട്ടോടെ കീഴടങ്ങാമെന്ന് ശശികല

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കീഴടങ്ങാന്‍ സാവകാശം ചോദിച്ചുകൊണ്ടുള്ള വി.കെ ശശികല സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കീഴടങ്ങാന്‍ സമയം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അപേക്ഷ തള്ളിയത്. ശശികലയ്ക്ക് വേണ്ടി അഭിഭാഷകനായ കെ.ജി.എസ് തുളസിയായിരുന്നു ജസ്റ്റിസ് വിനായ് ചന്ദ്രഘോഷ് ഉഴള്‍പ്പെട്ട ബെഞ്ചിന് മുന്‍പാകെ ഹരജി സമര്‍പ്പിച്ചത്.ശശികലയ്ക്ക് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് അതെന്നും കീഴടങ്ങാന്‍ സമയം ലഭിച്ചില്ലെങ്കില്‍ അപപരിഹാരമായ നഷ്ടം അവര്‍ക്ക് ഉണ്ടാകുമെന്നും കെ.ജി.എസ് തുളസി സുപ്രീം കോടതിയോട് പറഞ്ഞിരുന്നു.എന്നാല്‍ മുന്‍ ഉത്തരവില്‍ തന്നെ സുപ്രീം കോടതി ഉറച്ചുനില്‍ക്കുകയായിരുന്നു. ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്നും വ്യക്തമായ ഉത്തരം സുപ്രീം കോടതി ഇന്നലെ നല്‍കിക്കഴിഞ്ഞതാണെന്നും ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് പറഞ്ഞു. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയില്ല. ശശികല ഉടന്‍ കീഴടങ്ങണമെന്നും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുകയായിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് താന്‍ ഇന്ന് വൈകീട്ടോടെ കോടതിയില്‍ കീഴടങ്ങാന്നെ് ശശികല അറിയിച്ചു. കോടതി വിധിക്കെന്നല്ല, ഒരുശക്തിക്കും തന്നെ പാര്‍ട്ടിയില്‍ നിന്ന് പിരിക്കാനാവില്ലെന്നും താന്‍ എപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.