ആഡംബരം നടക്കില്ല; ശശികലയ്ക്ക് ജയിലില്‍ ജോലി മെഴുകുതിരി, ചന്ദനത്തിരി നിര്‍മാണം; ദിവസവേതനം 50 രൂപ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ എത്തിയ ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും അനുവദിച്ചില്ല. സാധാരണ ജയില്‍പുള്ളികള്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ശശികലയ്ക്ക് ലഭിക്കുകയുള്ളു.നേരത്തെ അനധികൃതസ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരു കോടതിയില്‍ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്കാണ് ശശികല കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ജയില്‍ അധികൃതര്‍ തള്ളുകയായിരുന്നു. മെഴുകുതിരി നിര്‍മാണവും ചന്ദനത്തിരി നിര്‍മാണവുമാണ് ശശികലയ്ക്ക് ജയിലില്‍ ജോലി. ദിവസവേതനം 50 രൂപ. പ്രത്യേക സെല്‍ അനുവദിച്ചിട്ടില്ലാത്തതിനാല്‍ മറ്റു രണ്ടു പ്രതികള്‍ സെല്ലിലുണ്ടാവും. മൂന്നു സാരി അനുവദിച്ചിട്ടുണ്ട്. പ്രത്യേകമുറിയും മറ്റു നിരവധി ആവശ്യങ്ങളുമുന്നയിച്ചിരുന്നെങ്കിലും അവയൊന്നും അംഗീകരിച്ചിട്ടില്ല. ബന്ധുവും കൂട്ടുപ്രതിയുമായ ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരും പാരപ്പന അഗ്രഹാര ജയിലിലുണ്ട്. ബെംഗളൂരു ജയില്‍വളപ്പിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ മൂന്നു പേരെയും നടപടികള്‍ക്കു ശേഷം ജയിലിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക സെല്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.

ജയില്‍ വളപ്പില്‍ തയാറാക്കിയ പ്രത്യേക കോടതി മുറിയിലാണ് ശശികല ഹാജരായത്. കനത്ത സുരക്ഷയാണ് പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ജയിലിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു.ചൈന്നെയില്‍നിന്നുമാണ് ശശികല ജയിലിലേക്ക് തിരിച്ചത്. കര്‍ണാടക റിസര്‍വ് പോലീസ്, സിറ്റി ആംഡ് റിസര്‍വ് എന്നിവയ്ക്കുപുറമേ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ ഉറപ്പാക്കിയിരുന്നു. 2014ല്‍ ജയലളിത ഇവിടെ 21 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു ദിവസേന ആയിരക്കണക്കിനു പാര്‍ട്ടി അനുഭാവികളാണ് ഇവിടെയെത്തി ദിവസങ്ങളോളം ജയില്‍പരിസരത്തു തമ്പടിച്ചത്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് അനുയായികള്‍ ഒഴുകിയെത്തിയത്.ജയലളിതയെയും ശശികലയെയും ഇളവരശിയെയും അന്ന് അടുത്തടുത്ത സെല്ലുകളിലാണു പാര്‍പ്പിച്ചിരുന്നത്. അവരെല്ലാം ജയില്‍ മോചിതരാകും വരെ അനുയായികള്‍ ബംഗളൂരുവില്‍ തമ്പടിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍ശെല്‍വവും ആ ദിവസങ്ങളില്‍ ബംഗളുരുവില്‍ തങ്ങി.കീഴടങ്ങാന്‍ ശശികലയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും ജയിലില്‍ പോകുന്നതിനു മുമ്പ് കുറച്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും ശശികലയുടെ അഭിഭാഷകന്‍ കെ.ടി.എസ്. തുളസി പറഞ്ഞു. എന്നാല്‍, എത്രയും പെട്ടെന്നു കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം. ശശികലയുള്‍പ്പെടെയുള്ളവര്‍ നാലുവര്‍ഷം തടവ് അനുഭവിക്കമെന്നും ഇതോടൊപ്പം 10 കോടി രൂപ വീതം പിഴയും നല്‍കണമെന്നായിരുന്നു വിധി. ശശികലയുടെ ബന്ധുക്കളായ വി.എന്‍. സുധാകരന്‍, ജെ.ഇളവരശി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ സമര്‍പ്പിച്ച സമാനമായ ഹര്‍ജികളും തള്ളി.

© 2024 Live Kerala News. All Rights Reserved.