സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ല; മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ച സ്പീക്കര്‍ മറുപടി കൃത്യമായി നല്‍കണമെന്ന് റൂളിംഗ് നല്‍കി. അംഗങ്ങള്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നത് ചെന്നിത്തല സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മറുപടി ലഭിക്കാതതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.ഇതിനു മറുപടിയായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് താന്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ ഉത്തരം നല്‍കിയിട്ടില്ലെന്നും അതിനൊക്കെ ഇപ്പോള്‍ താന്‍ ഉത്തരം കണ്ടെത്തേണ്ട സ്ഥിതി വന്നിരിക്കുകയാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.ഇതിനു പിന്നാലെയായിരുന്നു സ്പീക്കറുടെ റൂളിങ് വന്നത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മന്ത്രിമാര്‍ ജാഗ്രതയോടെ ഉത്തരം നല്‍കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.