സ്വാശ്രയ വിഷയത്തില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം;പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി;ചോദ്യോത്തര വേള നിര്‍ത്തിവെച്ചു; ഒരേ വിഷയത്തിന്റെ പേരില്‍ സഭ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. സഭ ആരംഭിച്ച ഉടനെ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ഒരേ വിഷയത്തിന്റെ പേരില്‍ സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അടിയന്തര പ്രാധാന്യമുളള വിഷയങ്ങള്‍ പലതും ചര്‍ച്ച ചെയ്യേണ്ടതാണെന്നും ലോകം മുഴുവന്‍ ഇത് കാണുകയാണെന്നും നിങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കണമെന്നും സ്പീക്കര്‍ ആവര്‍ത്തിച്ചു പറഞ്ഞു. തുടര്‍ന്നും പ്രതിപക്ഷം പിന്‍വാങ്ങാത്തത് കൊണ്ടാണ് ചോദ്യോത്തര വേള നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് സ്പീക്കര്‍ ഡയസ് വിട്ടെഴുന്നേറ്റത്.സഭ തടസപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധാത്മക നിലപാട് തുടരുകയാണെന്നും അതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനുമാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചത്.സഭാ നടപടികളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നും സഭ പൂര്‍ണമായും സ്തംഭിപ്പിക്കാനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിയമസഭയുടെ പ്രവേശന കവാടത്തില്‍ ഏഴു ദിവസമായി നിരാഹാരം സമരം നടത്തിവന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പകരം എംഎല്‍എമാരായ വിടി ബല്‍റാമും റോജി ജോണുമാണ് നിരാഹാര തുടരുന്നത്.

© 2024 Live Kerala News. All Rights Reserved.