സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ തോന്നല്‍ തെറ്റാണെങ്കില്‍ സഭയില്‍ തിരുത്തണമെന്ന് ആവശ്യം; സഭ നിര്‍ത്തിവച്ചു; യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം തുടരുന്നു

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം . തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സണ്ണി ജോസഫ് എംഎല്‍എ ആയിരുന്നു നോട്ടീസ് നല്‍കിയത്. ഒരേ വിഷയം നാലാംതവണയാണ് കൊണ്ടു വരുന്നതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ തോന്നല്‍ തെറ്റെങ്കില്‍ സഭയില്‍ തിരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.ചാനല്‍ വാടകയ്ക്ക് എടുത്തവരാണ് കരിങ്കൊടി കാണിച്ചതെന്നുളള പരാമര്‍ശം തന്റെ തോന്നല്‍ ആണെന്ന് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ തെറ്റ് പറ്റിയെങ്കില്‍ അത് സഭയില്‍ തന്നെ തിരുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യുഡിഎഫ് എംഎല്‍എമാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയില്‍ ഹാജരായത്. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് എംഎല്‍എമാര്‍ സഭയിലെത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു പ്രതിപക്ഷം . വിഷയത്തില്‍ പരിഹാരം കാണുന്നതുവരെ ചോദ്യോത്തരവേളയുമായി സഹകരിക്കില്ലെന്നു യുഡിഎഫ് എംഎല്‍എമാര്‍. അതേസമയം, നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, കെ.എം.ഷാജി എന്നിവര്‍ സത്യഗ്രഹം നടത്തുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ അടിയന്തരയോഗം ഇന്നു വൈകുന്നേരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് യോഗം. വിധിയുടെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

© 2024 Live Kerala News. All Rights Reserved.