അവതരണത്തിന് മുമ്പേ ബജറ്റ് ചോര്‍ന്നു:വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ബജറ്റ് ചോര്‍ന്നായി ആരോപണം. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ധനമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ബജറ്റിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു. പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തിരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. പിന്നീട് മീഡിയാ റൂമിൽ ചെന്നിത്തല സമാന്തരമായി ബജറ്റ് അവതരണം നടത്തി. അതേസമയം, പ്രതിപക്ഷത്തിന്റെ ആവശ്യം ഗൗരവതരമാണെന്നും അന്വേഷിക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ബജറ്റ് ചോർന്നത് ധനമന്ത്രിയുടെ ഓഫിസിൽനിന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധനമന്ത്രി സമൂഹമാധ്യമത്തിന്റെ ആളാണ്. അതുകൊണ്ട് ചോർന്നിട്ടുണ്ടെങ്കിൽ അത് മന്ത്രിയുടെ ഓഫീസിൽനിന്നു തന്നെയാകും– ചെന്നിത്തല പറഞ്ഞു. ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റവന്യൂ വരുമാനം, ധനചെലവ് എന്നിവ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പുറത്തുപോയി എന്നും പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങള്‍ ചുരുക്കി പ്രചരിക്കുന്നത് മുന്‍പും നടന്നിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കുന്ന സമയത്താണ് ഇതും നടക്കുന്നത്. അതിനപ്പുറമുള്ളത് പിന്നീട് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും അറിയിച്ചു.ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം ബജറ്റ് പ്രസംഗത്തിനു ശേഷം പരിശോധിച്ച് സ്പീക്കറെയും സഭയേയും അറിയിക്കാമെന്ന് ധനമന്ത്രിയും അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.