വരള്‍ച്ചയെ നേരിടാന്‍ പദ്ധതി തയാറാക്കും; വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമാകുന്ന നടപടികളുണ്ടാകും;ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്ന് ധനമന്ത്രി ഡോതോമസ് ഐസക്. വരള്‍ച്ചയെ നേരിടാന്‍ പദ്ധതി തയാറാക്കും. വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം നല്‍കുന്ന നടപടികളുണ്ടാകും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന് പ്രധാന്യം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനായി സഭയിലേക്കു പോകുന്നതിനു മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒന്‍പതിനാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. ഇത് എട്ടാം തവണയാണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്.പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണെങ്കിലും സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്.സംസ്ഥാനം നേരിടുന്ന മൂന്നു മുഖ്യ ദുരിതങ്ങളായ വരള്‍ച്ച, വിലക്കയറ്റം, റേഷന്‍ വിതരണം എന്നിവയ്ക്കു പരിഹാര പദ്ധതികള്‍ ഉണ്ടാകുമെന്നാണു സൂചന. പുതിയ തലമുറയെ ലക്ഷ്യമിട്ട് ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ അധിഷ്ഠിത സൗകര്യങ്ങള്‍ വ്യാപിപ്പിക്കും. ഒട്ടേറെ ക്ഷേമ, കാരുണ്യ പദ്ധതികളും ഉണ്ടാകുമെന്നാണു പ്രതീക്ഷ. മുദ്രപ്പത്ര നിരക്ക് കുറയ്ക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വരുമാനത്തെ കാര്യമായി ബാധിക്കുമെന്നതു കണക്കിലെടുത്തു വേണ്ടെന്നു വച്ചതായി സൂചനയുണ്ട്.തയാറാക്കിയ ബജറ്റ് പ്രസംഗം ഇന്നലെ രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. തുടര്‍ന്നു പുലര്‍ച്ചെ രണ്ടിന് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്കയച്ചു. ബജറ്റ് ഡോക്യുമെന്റുകളുടെ അച്ചടി പൂര്‍ത്തിയാക്കി നിയമസഭാ ഹാളില്‍ എത്തിച്ചതായി ധനമന്ത്രി അറിയിച്ചു. കണക്കുകള്‍ക്കായി മാത്രം 27 ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.നോട്ട് അസാധുവാക്കല്‍ പണലഭ്യത കുറച്ചത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.എന്നാല്‍ പണമില്ലെന്ന കാരണം ബജറ്റിനെ ബാധിക്കില്ലെന്നും പണം സമാഹരിക്കാനുള്ള വഴികള്‍ തേടിയും ഉണ്ടാകുമെന്ന അനുമാനത്തിലുമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.