മുത്തലാഖ്: നിയമവശം മാത്രമേ പരിഗണിക്കൂ; മുസ്ലീം വിവാഹമോചനങ്ങള്‍ കോടതികളുടെ മേല്‍നോട്ടത്തില്‍ വേണമെന്നുള്ള കാര്യം പരിശോധിക്കില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്കിടയിലെ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളില്‍ നിയമവശം മാത്രമാണ് പരിഗണിക്കുകയെന്ന്് സുപ്രീംകോടതി. അതേ സമയം മുസ്‌ലിം വ്യക്തി നിയമത്തിന് കീഴില്‍ വരുന്ന വിവാഹമോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന കാര്യം പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ പുതിയതായി ഒരു കക്ഷിയെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് നിലപാടെടുത്തശേഷം കോടതിയെ അറിയിക്കണെമെന്നും നിര്‍ദേശിച്ചു. ഹരജികളില്‍ മെയ് 11 മുതല്‍ കോടതി വാദം കേള്‍ക്കും.
കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. വിവിധ ഇസ്ലാമിക രാജ്യങ്ങളിലെ ലിംഗസമത്വം, മതനിരപേക്ഷത, മതാചാരങ്ങള്‍, വിവാഹനിയമങ്ങള്‍ എന്നിവയും കേന്ദ്ര നിയമമന്ത്രാലയം സുപ്രീംകോടതിയില്‍ ചുണ്ടിക്കാട്ടിയിരുന്നു. ഷയറാ ബാനു ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ നല്‍കിയ പരാതികളാണ് കോടതി പരിഗണിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.