ജാതി, മതം, വംശം എന്നിവയുടെ പേരില്‍ വോട്ടുപിടിക്കരുതെന്ന് സുപ്രീം കോടതി;ജനപ്രതിനിധികളുടെ പ്രവര്‍ത്തനവും മതേതരമാകണമെന്നും കോടതി

ന്യൂഡല്‍ഹി : ജാതി, മതം, വംശം എന്നിവയുടെ പേരില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടു പിടിക്കരുതെന്നു സുപ്രീം കോടതി. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ് മതത്തിന് ഇവിടെ പ്രസക്തിയില്ല. ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണമെന്നും സുപ്രീം കോടതി ഏഴംഗ ഭരണഘടനാബെഞ്ച് വിധിച്ചു.സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലോ പ്രചരണം പാടില്ല. ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ാം വകുപ്പ് പ്രകാരം ഇത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.ഹിന്ദുത്വം ഒരു മതമല്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പിച്ചിരുന്ന ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. ഹിന്ദുത്വം മതമല്ല, ജീവിതരീതിയാണെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഒരു മതേതര പ്രക്രിയയാണെന്നും അതുകൊണ്ടു തന്നെ അത് മതേതരത്വത്തെ പിന്തുടര്‍ന്നു കൊണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.   ഉ ത്തര്‍പ്രദേശ്, ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ വിധി.യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ വിധി രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. രാമ ജന്മഭൂമി വിഷയം വീണ്ടും ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് വിധി കനത്ത തിരിച്ചടിയാണെന്ന് എന്‍.സി.പി നേതാവ് മജീദ് മേമന്‍ പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.