നോട്ട് അസാധുവാക്കല്‍;സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ട് നല്‍കണമെന്ന് സുപ്രീം കോടതി; എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

ന്യുഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. നോട്ടുഅസാധുവാക്കിയതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കേസുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കും റിസര്‍വ് ബാങ്ക് പുതിയ കറന്‍സികള്‍ നല്‍കണമെന്ന് സുപ്രീം കോടതി. പൊതുമേഖലയിലെ ബാങ്കുകള്‍ക്ക്് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സികള്‍ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സഹകരണ ബാങ്കുകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായത് കൊണ്ടാണ് ഇതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള എല്ലാ കേസുകളും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഈ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റും.നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാമെന്ന് ഇന്നലെ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്കു നല്‍കുന്നതിന് ആനുപാതികമായി നല്‍കണമെന്ന് ഇക്കാര്യത്തില്‍ കുറച്ചൂകൂടി വ്യക്തതവരുത്തി സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. സഹകരണ ബാങ്കുകളിലേത് ഏറെ ഗുരുതരമായ വിഷയമാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ സങ്കീര്‍ണതകളിലേക്കു കടക്കുന്നില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെയുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണ്. അതിനെ തുരങ്കം വയ്ക്കുന്ന ഒരു നടപടിയും ഇപ്പോള്‍ എടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. അതേസമയം പഴയ നോട്ടുകളുടെ ഉപയോഗത്തിന്റെ സമയപരിധി നീട്ടുന്നത് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.