കീഴടങ്ങിയാല്‍ ശശികല പരപ്പന അഗ്രഹാര ജയിലിലേയ്ക്ക്;വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് ശശികല പക്ഷം; റിസോര്‍ട്ടില്‍ കനത്ത സുരക്ഷ

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന് കോടതി വിധിച്ച എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജഡ്ജി അശ്വത് നാരായണന് മുന്നിലാകും കീഴടങ്ങുക എന്നാണ് സൂചന. കര്‍ണ്ണാടക ഹൈക്കോടതിയാണ് ശിക്ഷിച്ചത് എന്നതുകൊണ്ട് കീഴടങ്ങിയാല്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലേയ്ക്കാകും ശശികലയെ കൊണ്ടുപോകുക. ഇതിനിടെ, കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. വിധിയ്ക്കു ശേഷം ശശികലയുള്ള കൂവത്തൂരിലെ റിസോര്‍ട്ടിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുംപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും അണ്ണാഡിഎംകെ അറിയിച്ചു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ടാണ് ശശികല പക്ഷം കോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചത്. പനീര്‍ശെല്‍വം അടക്കം 19 പേരെയാണ് ശശികല പക്ഷം പുറത്താക്കിയത്. ഇതില്‍ എട്ട് എംഎല്‍എമാരും ഉള്‍പ്പെടും. ഇതിനിടെ, ജയലളിതയുടെ ആത്മാവ് സംസ്ഥാനത്തെ രക്ഷിക്കുമെന്നും അമ്മ തുടങ്ങിവെച്ച പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് തന്റെ ലക്ഷ്യമെന്നും അമ്മയുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളതെന്നും വ്യക്തമാക്കി പനീര്‍ശെല്‍വം.

© 2024 Live Kerala News. All Rights Reserved.