അമ്മയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് ഞാന്‍; ധര്‍മം ജയിക്കുമെന്നും ശശികല

ചെന്നൈ: അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരായ സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി എ.ഐ.എ.ഡി.എം.കെയുടെ ട്വീറ്റ്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താനെന്നും ധര്‍മം ജയിക്കുമെന്നും ശശികല ട്വീറ്റില്‍ വ്യക്തമാക്കുന്നു.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.അതേസമയം വിഷയത്തില്‍ റിവ്യൂ ഹരജി നല്‍കാനും ശശികല ക്യാമ്പില്‍ ആലോചന നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിക്കാനും ആലോചനയുണ്ട്. അതുവരെ തല്‍ക്കാലം കൂവത്തൂരിലെ ക്യാമ്പില്‍ തങ്ങാനാണ് തീരുമാനം.ശശികല ക്യാമ്പില്‍ പ്രവര്‍ത്തകരെല്ലാം ദു:ഖത്തിലാണ്. ശശികല ക്യാമ്പിലെ എം.എല്‍.എമാരും വിധി കേട്ട് ആശയക്കുഴപ്പത്തിലാണെന്നാണ് അറിയുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിചാരണക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. 2014ല്‍ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികള്‍ക്കു നാലു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വര്‍ഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടയ്ക്കണം.

© 2024 Live Kerala News. All Rights Reserved.