അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ശശികല ജയിലിലേക്ക്; സുപ്രീംകോടതി ശിക്ഷ ശരിവെച്ചു;ശശികലയ്ക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും;പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

 

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി. ജയലളിതയുള്‍പ്പെടെ നാലുപേര്‍ക്കും ശിക്ഷവിധിച്ച വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ജസ്റ്റിസ് പി.സി ഘോസെ, ജസ്റ്റിസ് അമിതവ റോയി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ശശികലയോട് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണക്കോടതി വിധിച്ച നാലുവര്‍ഷം തടവ് ശിക്ഷ ശശികല അനുഭവിക്കണം. പത്തു കോടി രൂപ പിഴ കൊടുക്കുകയും വേണം. ശശികലയുടെ മുഖ്യമന്ത്രി മോഹത്തിനും തിരിച്ചടിയേറ്റു. ശശികലയ്ക്ക് ഇനി പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും ജയലളിതയുടെ തോഴിയായിരുന്ന ശശികലയെയും സഹോദര ഭാര്യ ഇളവരശിയെയും ജയലളിതയുടെ ദത്തുപുത്രന്‍ വി.എന്‍ സുധാകരനെയും വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി.കേസിലെ ഒന്നാംപ്രതി അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയാണ്. ശശികലയെ കൂടാതെ ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരാണ് മറ്റുപ്രതികള്‍. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം വിചാരണക്കോടതി നാലുപ്രതികള്‍ക്കും വിധിച്ചത്. ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി 1996ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്തംബറിലാണ് വിചാരണ കോടതി വിധി പറഞ്ഞത്. ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്‍പ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയതും ഇപ്പോഴത് തമിഴ് രാഷ്ട്രീയത്തിന്റെ തന്നെ വിധിയെഴുത്തായതും.

© 2024 Live Kerala News. All Rights Reserved.