അണ്ണാഡിഎംകെ എംഎല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി;കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം

ചെന്നൈ:അണ്ണാഡിഎംകെ എംഎല്‍എമാരെ എവിടെയാണ് ശശികല ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം. എംഎല്‍എമാര്‍ എവിടെയാണെന്ന് കണ്ടെത്തി അറിയിക്കണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വികെ ശശികല രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ പാര്‍ട്ടി എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസത്തില്‍ കഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൈക്കോടതിയുടെ നടപടി വന്നിരിക്കുന്നത്.സ്വന്തം നിലപാട് എടുക്കാന്‍ അനുവദിക്കണമെന്നാണ് ഉപവാസത്തില്‍ കഴിയുന്ന എംഎല്‍എമാരുടെ ആവശ്യമെന്ന് അറിയുന്നു.പനീര്‍സെല്‍വം ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ എംഎല്‍എമാരെ വിവിധ ഹോട്ടലുകളിലും റിസോട്ടുകളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്ന് എംഎല്‍എമാര്‍ക്ക് ശശികലയും അവര്‍ക്കൊപ്പമുള്ള മുതിര്‍ന്ന നേതാക്കളും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പനീര്‍ശെല്‍വവുമായി ആരെങ്കിലും ടെലിഫോണ്‍ വഴിയോ ദൂതന്മാര്‍ മുഖേനയോ ബന്ധപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സംവിധാനവും ഒരുരുക്കി. കര്‍ശന നിരീക്ഷണത്തിലാണെങ്കിലും ഒരു എംഎല്‍എ ഇന്നലെ ‘രക്ഷപ്പെട്ട്’ പുറത്തെത്തിയിരുന്നു.129 അണ്ണാഡിഎംകെ എംഎല്‍എമാരാണ് നിലവില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുന്നത്. തമിഴ്‌നാട് നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണ വേണം കേവല ഭൂരിപക്ഷത്തിന്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് കഴിയുമെന്നാണ് വ്യഴാഴ്ച്ച ഗവര്‍ണറെ കണ്ട ശശികല അവകാശപ്പെട്ടിരുന്നത്.

© 2024 Live Kerala News. All Rights Reserved.