ശശികല നല്‍കിയ പട്ടികയിലെ എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമെന്ന് ആരോപണം; ഗവര്‍ണര്‍ പരിശോധിച്ചേക്കും

ചെന്നൈ: 134 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഗവര്‍ണര്‍ക്കു നല്‍കിയ പട്ടികയിലെ എം.എല്‍.എമാരുടെ ഒപ്പ് വ്യാജമെന്ന് ആരോപണം.ഒപ്പുകള്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ശശികല ഗവര്‍ണര്‍ക്ക് പട്ടിക കൈമാറിയത്. എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയാണ് ശശികല വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചിരിക്കുന്നതെന്ന് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ആരോപിച്ചിരുന്നു. ഇതു ഗുരുതരമായ ആരോപണമാണെന്നും ഒപ്പുകള്‍ വ്യാജമാണോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്.ഇന്നലെ മുംബൈയില്‍നിന്നെത്തിയ ഗവര്‍ണറുമായി ആദ്യം പനീര്‍സെല്‍വവും പിന്നീട് ശശികലയും കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ നിര്‍ബന്ധപൂര്‍വം രാജിവയ്പ്പിക്കുകയായിരുന്നുവെന്നും അതിനാല്‍ രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള വാദമാണു പനീര്‍സെല്‍വം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്. അതേസമയം, 134 എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചത്. ഈ മാസം അഞ്ചിനു ചേര്‍ന്ന നിയമസഭാ കക്ഷി യോഗം തന്നെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന കാര്യവും അവര്‍ ഗവര്‍ണറെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.