യാത്രാ വിലക്ക്;ട്രംപിന് വീണ്ടും തിരിച്ചടി;കുടിയേറ്റ വിരുദ്ധ നിയമം പുന:സ്ഥാപിക്കണമെന്ന ആവശ്യം യു.എസ് അപ്പീല്‍ കോടതി തള്ളി

സാന്‍ഫ്രാന്‍സിസ്‌കോ: ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് പുന:സ്ഥാപിക്കണമെന്ന ട്രംപ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി യു.എസ് അപ്പീല്‍ കോടതി തള്ളി. കീഴ്‌കോടതി വിധി റദ്ദാക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു.നിയമം പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. കുടിയേറ്റ നിയന്ത്രണത്തിന് ന്യായീകരണമായി പറഞ്ഞ തീവ്രവാദി ഭീഷണി തെളിയിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കുടിയേറ്റ നിയന്ത്രണം തടഞ്ഞ കീഴ്‌കോടതി വിധിയെ ചോദ്യം ചെയ്താണ് ട്രംപ് സര്‍ക്കാര്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നത്. വിസ നിരോധനത്തെ തുടര്‍ന്ന് അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. 60000 ത്തോളം പേരുടെ വിസകള്‍ ഉത്തരവിനെ തുടര്‍ന്ന് റദ്ദാക്കി. ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്നു മാസത്തെ താല്‍ക്കാലിക വിലക്കും, അഭയാര്‍ത്ഥികള്‍ക്ക് നാലുമാസത്തെ വിലക്കും ഏര്‍പെടുത്തുന്നതാണ് ട്രംപിന്റെ ഉത്തരവ്. സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യക്കാരെയാണ് വിലക്കിയത്. അമേരിക്കയുടെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും രാജ്യത്തെ ശക്തിപ്പെടുന്നതിനും വേണ്ടിയാണ് തന്റെ കുടിയേറ്റ നിയന്ത്രണമെന്നാണ് ട്രംപ് നേരത്തെ വിശദീകരിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.