ട്രംപ്- കിം ജോംഗ് ഉന്‍ ഉച്ചകോടി നാളെ; പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള ഉച്ചകോടി നാളെ നടക്കും. ഇതിനു മുന്നോടിയായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തും. ഇന്ന് സിംഗപ്പൂരിൽ വച്ചാണ് പ്രതിനിധികൾ ചർച്ച നടത്തുക. നാളെയാണ് ലോകം ഉറ്റുനോക്കുന്ന ട്രംപ്-കിം ഉച്ചകോടി നടക്കുന്നത്.

ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തുന്നത്. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ‌ വ്യക്തമാക്കിയത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. സിം​ഗ​പ്പൂ​രി​ലെ സെ​ന്‍റോ​സ ദ്വീ​പി​ലെ ക​പ്പെ​ല്ലാ ഹോ​ട്ട​ലി​ലാ​ണ് ഉച്ചകോടി.

നേരത്തെ, നിശ്ചയിച്ച കൂടിക്കാഴ്ച സംബന്ധിച്ച് ട്രംപ് സ്വീകരിച്ച വ്യത്യസ്ത നിലപാടുകൾ ആശങ്കകൾക്കിടയാക്കിയിരുന്നു. ആദ്യം ഉച്ചകോടി നടക്കുമെന്ന് പറഞ്ഞ ട്രംപ് പിന്നീട് ഇത് നടക്കില്ലെന്ന് പറഞ്ഞു, അതിനുശേഷം ഉച്ചകോടി നടക്കാൻ സാധ്യതകൾ ബാക്കിയാണെന്ന് വ്യക്തമാക്കി. ഒടുവിൽ ഉച്ചകോടി നടക്കുമെന്ന് ആവർത്തിക്കുകയായിരുന്നു.